എന്നാൽ ഇവിടെ നിന്ന് പോയതിന് ശേഷം ഞാൻ നാല് വാക്കുകൾ -മൂന്നു തവണ- പറഞ്ഞു. നീ ഈ ദിവസം മുഴുവൻ പറഞ്ഞതിനേക്കാൾ അത് കനം…

എന്നാൽ ഇവിടെ നിന്ന് പോയതിന് ശേഷം ഞാൻ നാല് വാക്കുകൾ -മൂന്നു തവണ- പറഞ്ഞു. നീ ഈ ദിവസം മുഴുവൻ പറഞ്ഞതിനേക്കാൾ അത് കനം തൂങ്ങുന്നതാണ്

സത്യവിശ്വാസികളുടെ മാതാവ്, ജുവൈരിയഃ -رَضِيَ اللَّهُ عَنْهَا- നിവേദനം: സുബ്ഹ് നിസ്കരിച്ചതിന് ശേഷം, പുലർച്ചെ നബി (ﷺ) അവരുടെ (വീട്ടിൽ നിന്ന്) പുറത്തു പോയി. അവർ തൻ്റെ നിസ്കാരസ്ഥലത്തായിരുന്നു ആ സമയം. പിന്നീട് സൂര്യൻ ഉദിച്ചുയർന്ന ശേഷമാണ് നബി (ﷺ) തിരിച്ചെത്തുന്നത്. അപ്പോഴും അവർ അവിടെത്തന്നെ ഇരിക്കുന്നുണ്ടായിരുന്നു. അപ്പോൾ നബി (ﷺ) ചോദിച്ചു: "ഞാൻ പോകുമ്പോൾ ഉണ്ടായിരുന്ന അതേ ഇരുത്തമാണോ നീയീ ഇരിക്കുന്നത്?!" അവർ പറഞ്ഞു: "അതെ." അപ്പോൾ നബി (ﷺ) പറഞ്ഞു: "എന്നാൽ ഇവിടെ നിന്ന് പോയതിന് ശേഷം ഞാൻ നാല് വാക്കുകൾ -മൂന്നു തവണ- പറഞ്ഞു. നീ ഈ ദിവസം മുഴുവൻ പറഞ്ഞതിനേക്കാൾ അത് കനം തൂങ്ങുന്നതാണ്. അല്ലാഹുവിനെ പരിശുദ്ധപ്പെടുത്തി കൊണ്ട് ഞാൻ അവനെ സ്തുതിക്കുന്നു; അവൻ്റെ സൃഷ്ടികളുടെ എണ്ണത്തോളവും, അവന് തൃപ്തി വരുവോളവും, അവൻ്റെ അർശിൻ്റെ ഭാരത്തോളവും, അവൻ്റെ വചനങ്ങളുടെ മഷിയോളവും."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

നബി (ﷺ) തൻ്റെ പത്‌നിയായ, ഉമ്മുൽ മുഅ്മിനീൻ ജുവൈരിയഃ (رضي الله عنها) യുടെ അടുത്ത് നിന്ന് സുബ്ഹ് നിസ്കാരം കഴിഞ്ഞ് പുറത്ത് പോയി. ആ സമയം അവർ തൻ്റെ നിസ്കാര സ്ഥലത്ത് ഇരിക്കുകയായിരുന്നു. പകലിൻ്റെ പകുതിയിൽ അഥവാ ദ്വുഹാ സമയത്താണ് നബി (ﷺ) മടങ്ങിവന്നത്. അപ്പോഴും ജുവൈരിയ (رضي الله عنها) തൻ്റെ സ്ഥലത്ത് തന്നെ ഇരിക്കുകയായിരുന്നു. അപ്പോൾ നബി (ﷺ) ചോദിച്ചു: "ഞാൻ ഇവിടെ നിന്ന് പോയപ്പോഴുള്ള അതേ അവസ്ഥയിൽ തന്നെയായിരുന്നോ നീ ഇതുവരെയും?" അവർ പറഞ്ഞു: "അതെ." അപ്പോൾ നബി -ﷺ- പറഞ്ഞു: "ഇവിടെ നിന്ന് പോയതിന് ശേഷം ഞാൻ നാല് വാക്കുകൾ -മൂന്ന് തവണ ആവർത്തിച്ചു- പറയുകയുണ്ടായി. നീ ഇവിടെയിരുന്ന് ചൊല്ലിയ എല്ലാ ദിക്റുകളും അതിനോട് തുലനപ്പെടുത്തിയിരുന്നെങ്കിൽ ഞാൻ ചൊല്ലിയ ആ നാല് വാക്കുകൾ അതിനേക്കാൾ കനം തൂങ്ങുമായിരുന്നു. سبحان الله وبحمده: എല്ലാ ന്യൂനതകളിൽ നിന്നും കുറവുകളിൽ നിന്നും അല്ലാഹുവിനെ പരിശുദ്ധപ്പെടുത്തുന്നതിനൊപ്പം അതിലേക്ക് നയിച്ച അല്ലാഹുവിനെ ഞാൻ ഭംഗിയുള്ള വാക്കുകളാൽ സ്തുതിക്കുകയും പ്രകീർത്തിക്കുകയും ചെയ്യുന്നു. عدد خلقه : അല്ലാഹുവിന് മാത്രം എണ്ണിക്കണക്കാക്കാൻ സാധിക്കുന്ന വിധത്തിൽ അനേകമനേകമുള്ള അവൻ്റെ സൃഷ്ടികളുടെ എണ്ണത്തോളം ഞാൻ അവനെ സ്തുതിക്കുകയും പ്രകീർത്തിക്കുകയും ചെയ്യുന്നു. ورضا نفسه : അല്ലാഹു തൃപ്തിപ്പെട്ട അവൻ്റെ അടിമകളിൽ നിന്ന് അവനെ തൃപ്തിപ്പെടുത്തുന്ന അളവോളം; അതാകട്ടെ ഒരാൾക്ക് ഗ്രഹിച്ചെടുക്കാൻ കഴിയുന്നതിനേക്കാൾ വിശാലമാണ്. وزنة عرشه : അല്ലാഹുവിൻ്റെ സൃഷ്ടികളിൽ ഏറ്റവും ഭാരമുള്ളതും വലുതുമായ അവൻ്റെ സിംഹാസനത്തിൻ്റെ ഭാരത്തോളം. ومداد كلماته : അല്ലാഹുവിൻ്റെ വചനങ്ങളുടെ മഷിയോളം. അവൻ്റെ വചനങ്ങൾ എണ്ണിത്തിട്ടപ്പെടുത്തുക സാധ്യമല്ല. അവ ഒരിക്കലും അവസാനിക്കാത്തത്രയുണ്ട്. അവസാനം പറഞ്ഞ ഈ കാര്യം മൂന്ന് വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നു: അല്ലാഹുവിൻ്റെ വചനങ്ങളുടെ മഷിയുടെ എണ്ണത്തിനോ വണ്ണത്തിനോ രൂപത്തിനോ അവസാനമില്ല. ഈ പറഞ്ഞതിൻ്റെയെല്ലാം ഉദ്ദേശ്യം അല്ലാഹുവിനുള്ള പ്രകീർത്തനം അത്രയധികമുണ്ട് എന്ന് ദ്യോതിപ്പിക്കുക മാത്രമാണ്. കാരണം തുടക്കത്തിൽ അല്ലാഹുവിൻ്റെ സൃഷ്ടികളുടെ എണ്ണം എന്നാണ് നബി -ﷺ- പറഞ്ഞത്; ഇത് അനേകമുണ്ട് എങ്കിലും ഒരു നിശ്ചിത എണ്ണത്തിൽ ഒതുങ്ങുന്ന കാര്യമാണ്. അതിന് ശേഷം, അതിനേക്കാൾ വലുതിലേക്ക് അവിടുന്ന് കടന്നു; അല്ലാഹുവിൻ്റെ തൃപ്തിയാണത്. അതിന് ശേഷം, അല്ലാഹുവിൻ്റെ സൃഷ്ടികളിൽ ഏറ്റവും വലുപ്പമുള്ള അർശിനെ കുറിച്ചും അവിടുന്ന് പറഞ്ഞു. ആദ്യത്തേത് എണ്ണവും, രണ്ടാമത്തേത് രൂപവും, മൂന്നാമത്തേത് വലിപ്പവും കനവുമാണ് സൂചിപ്പിക്കുന്നത്.

فوائد الحديث

നബി -ﷺ- പഠിപ്പിച്ച ഈ ദിക്റിൻ്റെ ശ്രേഷ്ഠതയും, അത് ചൊല്ലാനുള്ള പ്രേരണയും പ്രോത്സാഹനവും.

ദിക്റുകൾ വ്യത്യസ്ത പദവിയും പ്രതിഫലവുമുള്ളവയാണ്; അവയിൽ ചിലത് മറ്റു ചിലതിനേക്കാൾ ശ്രേഷ്ഠമാണ്.

നവവി (رحمه الله) പറയുന്നു: "അല്ലാഹുവിൻ്റെ വചനങ്ങളുടെ മഷിയോളം' എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത് അതിനുമാത്രം ധാരാളമുണ്ട് ഈ ദിക്ർ എന്നാണ്. കാരണം ധാരാളം എണ്ണമുള്ളത് എന്നറിയിക്കുന്ന സൃഷ്ടികളുടെ എണ്ണം ആദ്യം പറയുകയും, ശേഷം അർശിൻ്റെ ഭാരം പറയുകയും, ശേഷം അതിനേക്കാൾ വലുതിലേക്ക് കയറിപ്പോവുകയുമാണ് നബി -ﷺ- ചെയ്തത്. എണ്ണിക്കണക്കാവാത്തത്ര എന്നാണ് ഈ പറഞ്ഞതിൻ്റെയെല്ലാം ഉദ്ദേശ്യം."

ഇബ്നുൽ ഖയ്യിം (رحمه الله) പറയുന്നു: "നബി -ﷺ- ഈ ഹദീഥിൽ പഠിപ്പിച്ച ദിക്ർ ചൊല്ലുന്ന ഒരു വ്യക്തിയുടെ ഹൃദയത്തിൽ നിലകൊള്ളുന്ന അല്ലാഹുവിനെ കുറിച്ചുള്ള അറിവിൻ്റെയും അവനെ പരിശുദ്ധപ്പെടുത്തുന്നതിൻ്റെയും ആദരിക്കുന്നതിൻ്റെയും തോതും കണക്കുമെല്ലാം കേവലം 'സുബ്ഹാനല്ലാഹ്' എന്ന് മാത്രം പറയുന്ന ഒരു വ്യക്തിയുടെ ഹൃദയത്തിലുള്ളതിനേക്കാൾ എത്രയോ മഹത്തരമായിരിക്കും."

ചെറിയ വാക്കുകളിൽ വലിയ ആശയമുൾക്കൊള്ളുന്ന 'ജവാമിഉൽ കലിമി'ൽ പെട്ട ദിക്റുകൾ ചൊല്ലാനുള്ള ഓർമ്മപ്പെടുത്തൽ; ഇത്തരം ദിക്റുകൾക്ക് വലിയ പ്രതിഫലവും ശ്രേഷ്ഠതയുമാണ് അല്ലാഹുവിങ്കൽ നൽകപ്പെടുക.

التصنيفات

രാവിലെയും വൈകുന്നേരവുമുള്ള ദിക്റുകൾ