സൂര്യൻ അന്ത്യനാളിൽ സൃഷ്ടികൾക്ക് അടുത്തേക്ക് കൊണ്ടുവരപ്പെടും; അങ്ങനെ അവരിൽ നിന്ന് ഒരു മൈൽ ദൂരത്തിലാകും

സൂര്യൻ അന്ത്യനാളിൽ സൃഷ്ടികൾക്ക് അടുത്തേക്ക് കൊണ്ടുവരപ്പെടും; അങ്ങനെ അവരിൽ നിന്ന് ഒരു മൈൽ ദൂരത്തിലാകും

മിഖ്ദാദ് ബ്നുൽ അസ്‌വദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "സൂര്യൻ അന്ത്യനാളിൽ സൃഷ്ടികൾക്ക് അടുത്തേക്ക് കൊണ്ടുവരപ്പെടും; അങ്ങനെ അവരിൽ നിന്ന് ഒരു മൈൽ ദൂരത്തിലാകും. (ഹദീഥിൻ്റെ നിവേദകരിൽ ഒരാളായ) സുലൈം ബ്നു ആമിർ പറയുന്നു: "അല്ലാഹു തന്നെ സത്യം! മൈൽ കൊണ്ട് ഉദ്ദേശ്യം എന്താണെന്ന് എനിക്ക് അറിയുകയില്ല. ഭൂമിയിലെ ദൂരത്തിൻ്റെ അളവാണോ, അതല്ല കണ്ണിൽ സുറുമയിടുന്ന കോലിൻ്റെ അളവാണോ എന്ന്?" നബി (ﷺ) പറയുന്നു: "അങ്ങനെ ജനങ്ങൾ തങ്ങളുടെ പ്രവർത്തനങ്ങൾക്ക് അനുസരിച്ച് വിയർപ്പിലായിരിക്കുന്നതാണ്. അവരിൽ ചിലരുടെ കണങ്കാൽ വരെയും, മറ്റു ചിലരുടെ കാൽമുട്ടുകൾ വരെയും, ഇനി ചിലരുടെ ഊര വരെയും (വിയർപ്പ്) എത്തിയിട്ടുണ്ടായിരിക്കും. മൂക്കറ്റം വിയർപ്പിൽ മുങ്ങിയവരും അക്കൂട്ടത്തിലുണ്ടാകും." അത് പറഞ്ഞു കൊണ്ട് നബി (ﷺ) തൻ്റെ വായിലേക്ക് വിരൽചൂണ്ടി.

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

അന്ത്യനാളിൽ സൂര്യൻ മനുഷ്യൻ്റെ അടുത്തേക്ക് കൊണ്ടുവരപ്പെടുകയും സമീപത്തേക്ക് എത്തിക്കപ്പെടുകയും ചെയ്യുന്നതാണെന്ന് നബി -ﷺ- അറിയിക്കുന്നു. അവരുടെ തലക്കുമുകളിൽ ഒരു 'മീൽ' ദൂരത്തിലേക്ക് അത് കൊണ്ടുവരപ്പെടുന്നതാണ്. താബിഈങ്ങളിൽ പെട്ട സുലൈം ബ്നു ആമിർ (رحمه الله) പറയുന്നു: "അല്ലാഹു തന്നെ സത്യം! ഏത് മൈലാണ് നബി (ﷺ) ഉദ്ദേശിച്ചത് എന്ന് എനിക്കറിയില്ല. ഭൂമിയിലുള്ള ദൂരത്തിൻ്റെ അളവാണോ, കണ്ണിൽ സുറുമയിടാൻ ഉപയോഗിക്കുന്ന കോലിൻ്റെ വലുപ്പമാണോ എന്ന്?" അങ്ങനെ മനുഷ്യർ തങ്ങളുടെ പ്രവർത്തനങ്ങളുടെ തോതനുസരിച്ച് വിയർപ്പിൽ മുങ്ങുന്നതാണ്. അവരിൽ ചിലരുടെ കണങ്കാൽ വരെയും, മറ്റു ചിലരുടെ കാൽമുട്ടുകൾ വരെയും, ഇനി ചിലരുടെ കാര്യത്തിൽ അവർ മുണ്ട് എടുത്തു കുത്തുന്ന ഊര വരെയും (വിയർപ്പ്) എത്തിയിട്ടുണ്ടായിരിക്കും. വായിലേക്ക് വരെ വിയർപ്പ് എത്തുകയും, സംസാരിക്കാൻ സാധിക്കാത്ത വിധത്തിൽ വിയർപ്പിൽ അകപ്പെട്ടവരും അവരിലുണ്ടാകും. അതു പറയുമ്പോൾ നബി -ﷺ- തൻ്റെ വായിലേക്ക് വിരൽചൂണ്ടി.

فوائد الحديث

അന്ത്യനാളിൻ്റെ ഭയാനകതയെ കുറിച്ച വിവരണവും, അതിൽ നിന്നുള്ള താക്കീതും.

(ഇഹലോകത്തുള്ള) തങ്ങളുടെ പ്രവർത്തനങ്ങളുടെ അവസ്ഥ അനുസരിച്ചായിരിക്കും അന്ത്യനാളിൽ മനുഷ്യർ ഒത്തുകൂടുന്ന മഹ്ശറിൽ അവർക്ക് പ്രയാസം കഠിനമാക്കപ്പെടുക.

നന്മകൾ പ്രവർത്തിക്കാനുള്ള പ്രേരണയും പ്രോത്സാഹനവും, തിന്മകളിൽ നിന്നുള്ള ഭയപ്പെടുത്തലും താക്കീതും.

التصنيفات

മരണാനന്തര ജീവിതം