ഒരാളുടെ ഇസ്‌ലാമിൻ്റെ നന്മയിൽ പെട്ടതാണ്, അവന് പ്രയോജനമില്ലാത്ത കാര്യങ്ങൾ അവൻ ഉപേക്ഷിക്കുക എന്നത്

ഒരാളുടെ ഇസ്‌ലാമിൻ്റെ നന്മയിൽ പെട്ടതാണ്, അവന് പ്രയോജനമില്ലാത്ത കാര്യങ്ങൾ അവൻ ഉപേക്ഷിക്കുക എന്നത്

അബൂ ഹുറൈറ (رضي الله عنه) നിവേദനം: നബി (ﷺ) പറഞ്ഞു: "ഒരാളുടെ ഇസ്‌ലാമിൻ്റെ നന്മയിൽ പെട്ടതാണ്, അവന് പ്രയോജനമില്ലാത്ത കാര്യങ്ങൾ അവൻ ഉപേക്ഷിക്കുക എന്നത്."

الشرح

ഒരു മുസ്‌ലിമിൻ്റെ ഇസ്‌ലാം പൂർണ്ണമാകുകയും അവന്റെ ഈമാൻ നന്നാകുകയും ചെയ്യുന്നതിന്റെ അടയാളമാണ്, അവനെ ബാധിക്കുന്നതോ അവന് പ്രയോജനകരമല്ലാത്തതോ ആയ വാക്കുകളിൽ നിന്നും പ്രവർത്തികളിൽ നിന്നും അവൻ അകലം പാലിക്കുക എന്നത്. അതുപോലെ, ദീനിലോ ദുനിയാവിലോ അവന് ആവശ്യമില്ലാത്ത കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതും അവൻ്റെ നന്മയിൽ പെട്ടതാണ്. കാരണം, ഒരാൾക്ക് ആവശ്യമില്ലാത്ത കാര്യങ്ങളിൽ മുഴുകുന്നത് ചിലപ്പോൾ അവന് ആവശ്യമായ കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കുന്നതിൽ നിന്ന് അവനെ അകറ്റിയേക്കാം. അല്ലെങ്കിൽ നിർബന്ധമായും ഒഴിവാക്കേണ്ടിയിരുന്ന കാര്യങ്ങളിലേക്ക് അവനെ അത് നയിച്ചേക്കാം. മനുഷ്യർ ഓരോരുത്തരും അവന്റെ കർമ്മങ്ങളെക്കുറിച്ച് അന്ത്യനാളിൽ ചോദ്യം ചെയ്യപ്പെടുന്നവരാണ് താനും.

فوائد الحديث

ഇസ്‌ലാം മുറുകെ പിടിക്കുന്നതിൽ ആളുകൾക്കിടയിൽ ഏറ്റക്കുറച്ചിലു കളുണ്ട്. ചില കർമ്മങ്ങൾ പ്രവർത്തിക്കുക വഴി ഒരാളുടെ ഇസ്‌ലാം കൂടുതൽ നന്മയും ഭംഗിയും നിറഞ്ഞതാകും.

ആവശ്യമില്ലാത്തതും വേണ്ടാത്തതുമായ വാക്കുകളും പ്രവർത്തികളും ഉപേക്ഷിക്കുന്നത് ഒരു വ്യക്തിയുടെ ഇസ്‌ലാമിൻ്റെ പരിപൂർണ്ണതയുടെ അടയാളമാണ്.

ഓരോരുത്തരും തന്റെ ദീനിലും ദുനിയാവിലും പ്രയോജനം ചെയ്യുന്ന കാര്യങ്ങളിൽ വ്യാപൃതനാകാൻ ഈ ഹദീഥ് പ്രോത്സാഹനം നൽകുന്നു. ഒരാളുടെ ഇസ്‌ലാം നന്നാകുന്നത് അവന് പ്രയോജനമില്ലാത്തത് ഉപേക്ഷിക്കുന്നതിലൂടെയാണെങ്കിൽ, അവന് പ്രയോജനമുള്ള കാര്യങ്ങളിൽ വ്യാപൃതനാകുന്നതിലൂടെയും അത് കൂടുതൽ നന്നാകും.

ഇബ്നുൽ ഖയ്യിം (رحمه الله) പറഞ്ഞു: "നബി (ﷺ) ജീവിതത്തിൽ ഒരാൾ പാലിക്കേണ്ട സൂക്ഷ്മതയും വിശുദ്ധിയും ഒരൊറ്റ വാചകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. 'ഒരാളുടെ ഇസ്‌ലാമിൻ്റെ നന്മയിൽ പെട്ടതാണ്, അവന് പ്രയോജനമില്ലാത്ത കാര്യങ്ങൾ അവൻ ഉപേക്ഷിക്കുക എന്നത്.' ഒരാൾക്ക് പ്രയോജനകരമല്ലാത്ത ഏതൊരു കാര്യവും ഉപേക്ഷിക്കേണ്ടതാണെന്ന് ഈ ഹദീഥ് അറിയിക്കുന്നു. അതിൽ സംസാരവും നോട്ടവും കേൾവിയും സ്പർശനവും നടത്തവും ചിന്തയുമെല്ലാം ഉൾപ്പെടും. കൂടാതെ എല്ലാ ബാഹ്യവും ആന്തരികവുമായ ചലനങ്ങളും ഇതിൻ്റെ പരിധിയിൽ ഉൾപ്പെടും. ചുരുക്കത്തിൽ, ഒരു വ്യക്തി പാലിച്ചിരിക്കേണ്ട സൂക്ഷ്മതയും വിശുദ്ധിയും വിവരിക്കുന്ന സമഗ്രമായ വാക്കാണിത്."

ഇബ്നു റജബ് പറഞ്ഞു: "ഈ ഹദീഥ് സ്വഭാവമര്യാദകളുടെ വിഷയത്തിൽ അടിസ്ഥാനമായി ഗണിക്കാവുന്ന ഹദീഥാണ്."

ദീനിൻ്റെ വിജ്ഞാനം സ്വായത്തമാക്കാൻ ഈ ഹദീഥ് പ്രോത്സാഹനം നൽകുന്നു; കാരണം, അതിലൂടെ മാത്രമേ ഒരാൾക്ക് തനിക്ക് ഉപകാരമുള്ളതും ഉപകാരമില്ലാത്തതും തിരിച്ചറിയാൻ സാധിക്കുകയുള്ളൂ.

നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക എന്നത് ഒരു വ്യക്തിയെ ബാധിക്കുന്ന -അവന് പ്രയോജനം ചെയ്യുന്ന- കാര്യങ്ങളിൽ പെട്ടതാണ്; അവനോട് കൽപ്പിക്കപ്പെട്ട കാര്യമാണത്. (തനിക്ക് പ്രയോജനമുള്ളത് നോക്കിയാൽ മതി എന്നതിൻ്റെ അർത്ഥം നന്മ കൽപ്പിക്കുന്നതും തിന്മ വിലക്കുന്നതും ഉപേക്ഷിക്കലല്ല എന്ന് സാരം)

അല്ലാഹു നിഷിദ്ധമാക്കിയതും നബി (ﷺ) വെറുത്തതുമായ കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കണം എന്നത് ഈ ഹദീഥിൻ്റെ പൊതുവായ ആശയത്തിൽ ഉൾപ്പെടുന്ന കാര്യമാണ്.

അപ്രകാരം തന്നെ

തനിക്ക് ആവശ്യമില്ലാത്ത വിഷയങ്ങൾ അന്വേഷിക്കുന്നതും ഈ പറഞ്ഞതിൻ്റെ പരിധിയിൽ ഉൾപ്പെടും. പാരത്രികമായ അദൃശ്യ കാര്യങ്ങളുടെ യാഥാർത്ഥ്യങ്ങളും, അല്ലാഹുവിൻ്റെ സൃഷ്ടിപ്പിൻ്റെയും വിധിവിലക്കുകളുടെയും പിന്നിലുള്ള യുക്തികളും അതിന് ഉദാഹരണമാണ്. അതുപോലെ, സംഭവിച്ചിട്ടില്ലാത്തതോ, സംഭവിക്കാൻ സാധ്യതയില്ലാത്തതോ, അല്ലെങ്കിൽ സംഭവിക്കുമെന്ന് ചിന്തിക്കാൻ പോലും കഴിയാത്തതോ ആയ കാര്യങ്ങളെക്കുറിച്ച് സാങ്കൽപ്പികമായി ചോദിക്കുന്നതും അന്വേഷിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.

التصنيفات

ആക്ഷേപകരമായ സ്വഭാവഗുണങ്ങൾ