തീർച്ചയായും നീ ഒരു കല്ലാണെന്ന് എനിക്കറിയാം. നീ ഉപകാരമോ ഉപദ്രവമോ ചെയ്യില്ല. അല്ലാഹുവിൻ്റെ റസൂൽ (ﷺ) നിന്നെ…

തീർച്ചയായും നീ ഒരു കല്ലാണെന്ന് എനിക്കറിയാം. നീ ഉപകാരമോ ഉപദ്രവമോ ചെയ്യില്ല. അല്ലാഹുവിൻ്റെ റസൂൽ (ﷺ) നിന്നെ ചുംബിക്കുന്നത് ഞാൻ കണ്ടിട്ടില്ലായിരുന്നെങ്കിൽ നിന്നെ ഞാൻ ചുംബിക്കുമായിരുന്നില്ല

ഉമർ -رَضِيَ اللَّهُ عَنْهُ- നിവേദനം: അദ്ദേഹം ഹജറുൽ അസ്‌വദിൻ്റെ അരികിൽ വന്നു കൊണ്ട് അതിനെ ചുംബിക്കുകയും ശേഷം ഇപ്രകാരം പറയുകയും ചെയ്തു: "തീർച്ചയായും നീ ഒരു കല്ലാണെന്ന് എനിക്കറിയാം. നീ ഉപകാരമോ ഉപദ്രവമോ ചെയ്യില്ല. അല്ലാഹുവിൻ്റെ റസൂൽ (ﷺ) നിന്നെ ചുംബിക്കുന്നത് ഞാൻ കണ്ടിട്ടില്ലായിരുന്നെങ്കിൽ നിന്നെ ഞാൻ ചുംബിക്കുമായിരുന്നില്ല."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

അമീറുൽ മുഅ്മിനീൻ ഉമർ ബ്നുൽ ഖത്താബ് (رضي الله عنه) കഅ്ബയുടെ അരികിലുള്ള ഹജറുൽ അസ്‌വദിൻ്റെ അടുത്ത് വന്നു കൊണ്ട് ഹജറിനെ ചുംബിക്കുകയും ശേഷം ഇപ്രകാരം പറയുകയും ചെയ്തു: "നീ ഒരു കല്ലാണെന്ന് എനിക്കറിയാം. യാതൊരു ഉപകാരമോ ഉപദ്രവമോ നീ ചെയ്യുകയില്ല. അല്ലാഹുവിൻ്റെ റസൂൽ (ﷺ) നിന്നെ ചുംബിക്കുന്നത് ഞാൻ കണ്ടിട്ടില്ലായിരുന്നെങ്കിൽ നിന്നെ ഞാൻ ചുംബിക്കുമായിരുന്നില്ല."

فوائد الحديث

കഅ്ബ ത്വവാഫ് ചെയ്യുന്നവർ ഹജറുൽ അസ്‌വദിൻ്റെ സ്ഥാനത്തു കൂടെ പോകുമ്പോൾ, പ്രയാസമില്ലാതെ അത് ചുംബിക്കാൻ സാധിക്കുമെങ്കിൽ അപ്രകാരം ചെയ്യുക എന്നത് പുണ്യകരമാണ്.

ഹജറുൽ അസ്‌വദ് ചുംബിക്കുക എന്നതിൻ്റെ ഉദ്ദേശ്യം നബി (ﷺ) യെ പിൻപറ്റുക എന്നതാണ്.

ഇമാം നവവി (رحمه الله) പറയുന്നു: "ഹജറുൽ അസ്‌വദിന് ഉപകാരമോ ഉപദ്രവമോ ചെയ്യാനുള്ള ശേഷിയില്ല എന്നാണ് ഉമർ (رضي الله عنه) വിൻ്റെ ഉദ്ദേശ്യം. മറ്റെല്ലാ സൃഷ്ടികളെയും പോലെ, ഉപകാരമോ ഉപദ്രവമോ ചെയ്യാൻ സാധിക്കാത്ത, അല്ലാഹുവിൻ്റെ സൃഷ്ടിയായ ഒരു കല്ല് മാത്രമാണത്.

ഹജ്ജിൻ്റെ വേളയിലാണ് ഉമർ (رضي الله عنه) ഈ വാക്ക് പറഞ്ഞത്. പല നാടുകളിൽ നിന്നും വന്നെത്തുന്നവർ ഇക്കാര്യം വീക്ഷിക്കുന്നതിനും സാക്ഷ്യം വഹിക്കുന്നതിനും ഉമർ (رضي الله عنه) വിൽ നിന്ന് ഈ വാക്ക് ഗ്രഹിച്ചെടുക്കുന്നതിനും വേണ്ടിയായിരുന്നു അത്."

ഇബാദത്തുകളും ആരാധനകളും പ്രമാണങ്ങളിൽ സ്ഥിരപ്പെട്ടാലല്ലാതെ -അല്ലാഹുവും അവൻ്റെ റസൂലും (ﷺ) നിയമമാക്കിയാലല്ലാതെ- സ്വീകാര്യമാവുകയില്ല.

ഒരു ഇബാദത്ത് ഇസ്‌ലാമിലെ ആരാധനയാണെന്ന് സ്ഥിരപ്പെട്ടാൽ -അതിൻ്റെ പിന്നിലുള്ള യുക്തി ഒരാൾക്ക് വ്യക്തമായില്ലെങ്കിൽ കൂടിയും- അത് പ്രാവർത്തികമാക്കപ്പെടണം. കാരണം അല്ലാഹു കൽപ്പിച്ച കാര്യം പ്രാവർത്തികമാക്കുകയും ജനങ്ങൾ അവനെ അനുസരിക്കുകയും ചെയ്യുക എന്നത് അതിൻ്റെ പിന്നിലെ ഉദ്ദേശ്യലക്ഷ്യങ്ങളിൽ പെട്ടതാണ്.

ചുംബിക്കാനും തൊട്ടുമുത്താനും ഇസ്‌ലാം പഠിപ്പിച്ചിട്ടില്ലാത്ത കല്ലുകളെയും മറ്റുമെല്ലാം ആരാധനാസ്വഭാവത്തിൽ ചുംബിക്കുന്നത് വിലക്കപ്പെട്ട കാര്യമാണ്.

التصنيفات

സ്വഹാബികളുടെ ശ്രേഷ്ഠത, ഹജ്ജ്, ഉംറ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളും വിധിവിലക്കുകളും