إعدادات العرض
നബി (ﷺ) ഖുർആനിലെ ഒരു സൂറത്ത് പഠിപ്പിക്കുന്നത് പോലെ ഞങ്ങൾക്ക് ഇസ്തിഖാറഃ പഠിപ്പിക്കാറുണ്ടായിരുന്നു
നബി (ﷺ) ഖുർആനിലെ ഒരു സൂറത്ത് പഠിപ്പിക്കുന്നത് പോലെ ഞങ്ങൾക്ക് ഇസ്തിഖാറഃ പഠിപ്പിക്കാറുണ്ടായിരുന്നു
ജാബിർ ബ്നു അബ്ദില്ല (ضِيَ اللَّهُ عَنْهُمَا) നിവേദനം: നബി (ﷺ) ഖുർആനിലെ ഒരു സൂറത്ത് പഠിപ്പിക്കുന്നത് പോലെ ഞങ്ങൾക്ക് ഇസ്തിഖാറഃ പഠിപ്പിക്കാറുണ്ടായിരുന്നു. അവിടുന്ന് പറഞ്ഞു: "നിങ്ങളിലാരെങ്കിലും വല്ല കാര്യവും ചെയ്യാൻ ഉദ്ദേശിച്ചാൽ അവൻ നിർബന്ധ നിസ്കാരമല്ലാത്ത രണ്ട് റക്അത്ത് നിസ്കരിക്കുകയും, ശേഷം ഇപ്രകാരം പ്രാർത്ഥിക്കുകയും ചെയ്യട്ടെ: അല്ലാഹുവേ! നിൻ്റെ വിജ്ഞാനം മുഖേന നിന്നോട് ഞാൻ നന്മയെ ചോദിക്കുന്നു. നിൻ്റെ കഴിവ് മുഖേന ഞാൻ കഴിവിനെ ചോദിക്കുന്നു. നിൻ്റെ മഹത്തായ ഔദാര്യത്തിൽ നിന്നും ഞാൻ നിന്നോട് ചോദിക്കുന്നു. കാരണം, നീ കഴിവുള്ളവനാണ്; ഞാൻ കഴിവില്ലാത്തവനാണ്. നീ അറിയുന്നവനാണ്; ഞാൻ അറിവില്ലാത്തവനാണ്. നീ എല്ലാ മറഞ്ഞ കാര്യങ്ങളും നന്നായി അറിയുന്നവനാണ്. അല്ലാഹുവേ! ഈ കാര്യം എൻ്റെ ദീനിലും എൻ്റെ ജീവിതത്തിലും എൻ്റെ കാര്യങ്ങളുടെ പര്യവസാനത്തിലും -അല്ലെങ്കിൽ- എൻ്റെ ഐഹികവും പാരത്രികവുമായ കാര്യത്തിൽ എനിക്ക് നന്മയാണെന്ന് നീ അറിയുന്നുവെങ്കിൽ അക്കാര്യം നീ എനിക്ക് വിധിക്കുകയും അത് നീ എനിക്ക് എളുപ്പമാക്കുകയും, ശേഷം അതിൽ എനിക്ക് നീ ബറകത്ത് (അനുഗ്രഹം) ചൊരിയുകയും ചെയ്യേണമേ! ഇക്കാര്യം എൻ്റെ ദീനിലും എൻ്റെ ജീവിതത്തിലും എൻ്റെ കാര്യങ്ങളുടെ പര്യവസാനത്തിലും -അല്ലെങ്കിൽ- എൻ്റെ ഐഹികവും പാരത്രികവുമായ കാര്യത്തിൽ എനിക്ക് ദോഷകരമായി നീ കാണുന്നുവെങ്കിൽ അതിനെ എന്നിൽ നിന്നും, എന്നെ അതിൽ നിന്നും നീ അകറ്റേണമേ. നന്മ എവിടെയാണെങ്കിലും അത് എനിക്ക് നീ വിധിക്കേണമേ. പിന്നെ അതിൽ എനിക്ക് നീ സംതൃപ്‌തി നൽകുകയും ചെയ്യേണമേ! " നബി (ﷺ) പറഞ്ഞു: "തൻ്റെ ആവശ്യം അവൻ പേരെടുത്ത് പറയുകയും ചെയ്യട്ടെ."
الترجمة
العربية বাংলা Bosanski English Español فارسی Bahasa Indonesia Tagalog Türkçe اردو 中文 हिन्दी Français ئۇيغۇرچە Kurdî Русский Tiếng Việt অসমীয়া Nederlands Kiswahili Hausa සිංහල ગુજરાતી Magyar ქართული Română Português ไทย తెలుగు मराठी دری አማርኛ Malagasy Македонски ភាសាខ្មែរ Українська ਪੰਜਾਬੀ پښتو Wolof Moore Svenska ಕನ್ನಡالشرح
ഒരു കാര്യത്തിലേക്ക് ഇറങ്ങിത്തിരിക്കുന്ന വേളയിൽ അതിൽ ഏതാണ് ശരിയായ രീതിയെന്ന് അറിയില്ലെങ്കിൽ ഒരു മുസ്‌ലിം 'ഇസ്തിഖാറത്തിൻ്റെ നിസ്കാരം' നിർവ്വഹിക്കണമെന്ന് നബി (ﷺ) ഈ ഹദീഥിൽ പഠിപ്പിക്കുന്നു. അവിടുന്ന് ഖുർആനിലെ ഒരു സൂറത്ത് പഠിപ്പിച്ചു നൽകുന്നത് പോലെ, സ്വഹാബത്തിന് ഇസ്തിഖാറത്തിൻ്റെ നിസ്കാരം പഠിപ്പിക്കാറുണ്ടായിരുന്നു. നിർബന്ധമായ ഫർദ്വ് നിസ്കാരമല്ലാത്ത, ഐഛികമായ രണ്ട് റക്അത്തുകൾ നിസ്കരിക്കുകയും, ശേഷം ഹദീഥിൽ പഠിപ്പിക്കപ്പെട്ട പ്രാർത്ഥന ചൊല്ലുകയുമാണ് അവൻ ചെയ്യേണ്ടത്. "അല്ലാഹുവേ! നിൻ്റെ അറിവ് കൊണ്ട് ഞാൻ നിന്നോട് നന്മയെ ചോദിക്കുന്നു." അതായത് എല്ലാ വസ്തുക്കളെയും ചൂഴ്ന്നു നിൽക്കുന്ന നിൻ്റെ വിജ്ഞാനം കൊണ്ട്, രണ്ട് വഴികളിൽ ഏറ്റവും ഉത്തമമായതിലേക്ക് വഴികാണിക്കാൻ ഞാൻ നിന്നോട് തേടുന്നു. "നിൻ്റെ കഴിവ് മുഖേന ഞാൻ കഴിവിനെ ചോദിക്കുന്നു.." എനിക്ക് നീ ശക്തി പകരണമെന്നും ഞാൻ നിന്നോട് തേടുന്നു. കാരണം നിന്നെ കൊണ്ടല്ലാതെ ഒരു ശേഷിയോ ശക്തിയോ എനിക്കില്ല. നിൻ്റെ ശക്തി സമ്പൂർണ്ണമായി നടപ്പിലാക്കപ്പെടുന്നതാകുന്നു; നിനക്ക് അസാധ്യമായ യാതൊന്നുമില്ല. "നിൻ്റെ മഹത്തരമായ ഔദാര്യത്തിൽ നിന്ന് ഞാൻ തേടുകയും ചെയ്യുന്നു." നിൻ്റെ അതിവിശാലമായ നന്മയിൽ നിന്നും ഞാൻ നിന്നോട് ചോദിക്കുന്നു. നീ നൽകിയതെല്ലാം നിൻ്റെ ഔദാര്യം മാത്രമാകുന്നു. ഒരു അനുഗ്രഹവും നിൻ്റെ മുന്നിൽ ആർക്കും അവകാശമായുള്ളതല്ല. "നീയാകുന്നു ശക്തിയുള്ളവൻ; ഞാൻ ശക്തിയില്ലാത്തവനും." നീ എല്ലാത്തിനും കഴിവുള്ളവനാകുന്നു. ഞാനാകട്ടെ, ദുർബലനും അശക്തനുമാകുന്നു. നിൻ്റെ സഹായമില്ലാതെ എനിക്ക് യാതൊന്നും സാധ്യമല്ല. "നീയാകുന്നു എല്ലാം അറിയുന്നവൻ." എല്ലാത്തിനെയും ചൂഴ്ന്നു നിൽക്കുന്ന നിൻ്റെ അറിവ് കൊണ്ട് പ്രകടവും അദൃശ്യവുമായതും നന്മയും തിന്മയും നീ അറിയുന്നു. "ഞാൻ അറിവില്ലാത്തവനും." നീ വഴികാട്ടുകയോ മാർഗദർശനം നൽകുകയോ ചെയ്യാതെ ഒരു കാര്യവും അറിയാൻ എനിക്ക് സാധ്യമല്ല. "നീ എല്ലാ അദൃശ്യങ്ങളും അങ്ങേയറ്റം അറിയുന്നവനാകുന്നു." നിനക്കാകുന്നു സർവ്വ അറിവുമുള്ളത്. നിനക്കാകുന്നു എല്ലാം സാധ്യമാക്കാൻ കഴിയുന്ന ശക്തിയുള്ളത്. നിനക്ക് പുറമെയുള്ള ഏതൊരാൾക്കും നീ വിധിച്ചതും ശക്തി നൽകിയതുമല്ലാത്ത ഒരു കാര്യവും സാധ്യമല്ല. ഇത്രയും പറഞ്ഞതിന് ശേഷം തൻ്റെ രക്ഷിതാവായ അല്ലാഹുവിനോട് അവൻ പ്രാർത്ഥിക്കുകയും അവൻറെ ആവശ്യം എടുത്ത് പറയുകയും ചെയ്യണം. അവൻ പറയണം: "അല്ലാഹുവേ!" എൻ്റെ കാര്യങ്ങളെല്ലാം ഞാൻ നിന്നെ ഏൽപ്പിച്ചിരിക്കുന്നു. "ഈ കാര്യം..." (ഇവിടെ തൻ്റെ ആവശ്യമെന്താണോ, അത് പറയുക). ഉദാഹരണത്തിന് 'ഈ വീട്/വാഹനം വാങ്ങുന്നത്', അല്ലെങ്കിൽ 'ഈ സ്ത്രീയെ വിവാഹം കഴിക്കുന്നത്' എന്നിങ്ങനെ. "എൻ്റെ ദീനിലും..." ദീൻ നന്നാവുക എന്നതിലാണ് ഒരാളുടെ എല്ലാ സുരക്ഷയുമുള്ളത്. "എൻ്റെ ജീവിതത്തിലും എൻ്റെ കാര്യങ്ങളുടെ പര്യവസാനത്തിലും..." ദുൻയാവിൻ്റെ കാര്യത്തിലും എൻ്റെ കാര്യങ്ങളുടെ അന്ത്യത്തിലും എന്നർത്ഥം. -(അതല്ലെങ്കിൽ ഇപ്രകാരമാണോ അവിടുന്ന് പറഞ്ഞത് എന്ന സംശയമുണ്ട്) എൻ്റെ ഐഹികവും പാരത്രികവുമായ കാര്യത്തിലും- എനിക്ക് ഉത്തമമാണെന്ന് നിനക്ക് അറിയുമെങ്കിൽ അക്കാര്യം നീ എനിക്ക് വിധിക്കുകയും അത് നീ എനിക്ക് എളുപ്പമാക്കുകയും, ശേഷം അതിൽ എനിക്ക് നീ ബറകത്ത് (അനുഗ്രഹം) ചൊരിയുകയും ചെയ്യേണമേ!" അതായത് അക്കാര്യം നീ എനിക്ക് നടപ്പാക്കി തരികയും എളുപ്പമാക്കുകയും അതിലുള്ള നന്മ അധികരിപ്പിക്കുകയും ചെയ്യേണമേ! "ഇക്കാര്യം എൻ്റെ ദീനിലും എൻ്റെ ജീവിതത്തിലും എൻ്റെ കാര്യങ്ങളുടെ പര്യവസാനത്തിലും -(അതല്ലെങ്കിൽ ഇപ്രകാരമാണോ അവിടുന്ന് പറഞ്ഞത് എന്ന സംശയമുണ്ട്) എൻ്റെ ഐഹികവും പാരത്രികവുമായ കാര്യത്തിലും- എനിക്ക് ഉപദ്രവകരമാണെന്ന് നിനക്ക് അറിയുമെങ്കിൽ അതിനെ എന്നിൽ നിന്നും, എന്നെ അതിൽ നിന്നും നീ അകറ്റുകയും, എവിടെയാണെങ്കിലും നീ എനിക്ക് ഏറ്റവും ഉത്തമമായത് വിധിക്കുകയും, ശേഷം അതിൽ നീ എനിക്ക് തൃപ്തി വരുത്തുകയും ചെയ്യേണമേ!" എന്നെ നിൻ്റെ വിധിയിൽ എനിക്ക് ഇഷ്ടമുള്ളതും അനിഷ്ടകരമായതും തൃപ്തിപ്പെടുന്നവനാക്കണേ എന്നർത്ഥം.فوائد الحديث
സ്വലാത്തുൽ ഇസ്തിഖാറഃ തൻ്റെ സ്വഹാബികളെ പഠിപ്പിക്കുന്നതിൽ നബി (ﷺ) ഏറെ ശ്രദ്ധ പുലർത്തിയിരുന്നു. കാരണം അനേകം പ്രയോജനവും മഹത്തരമായ നന്മയുമുള്ള സൽകർമ്മമാകുന്നു ഇത്.
ഇസ്തിഖാറ നമസ്കരിക്കലും അതിന് ശേഷം പ്രാർത്ഥിക്കാൻ പഠിപ്പിക്കപ്പെട്ടിട്ടുള്ള ദുആ ചൊല്ലലും പുണ്യകരമാണ്.
ഏതു ചെയ്യണമെന്ന സംശയവും ആശയക്കുഴപ്പവും നിലനിൽക്കുന്ന അനുവദനീയമായ കാര്യങ്ങളിൽ ഇസ്തിഖാറ നിർവ്വഹിക്കുന്നത് പുണ്യകരമാണ്. എന്നാൽ അല്ലാഹു നിർബന്ധമായും കൽപ്പിച്ചതോ പുണ്യമായി പഠിപ്പിച്ചതോ ആയ ഒരു കാര്യത്തിൽ അത് വേണ്ടതില്ല. കാരണം അത്തരം കാര്യങ്ങൾ ചെയ്യേണ്ടതും പ്രവർത്തിക്കേണ്ടതുമാണെന്നതാണ് അടിസ്ഥാനം. എന്നാൽ അതുമായി ബന്ധപ്പെട്ടു നിൽക്കുന്ന മറ്റു കാര്യങ്ങളിൽ ചിലപ്പോൾ ഇസ്തിഖാറ വേണ്ടിവന്നേക്കാം. ഉദാഹരണത്തിന്, ഹജ്ജിനോ ഉംറക്കോ പോകുമ്പോൾ ഒപ്പം യാത്ര ചെയ്യുന്നവരെ തിരഞ്ഞെടുക്കുക പോലുള്ളവ.
നിർബന്ധമായ വാജിബുകൾ ചെയ്യുന്നതിലോ, ഇസ്‌ലാം പഠിപ്പിച്ച പുണ്യകരമായ മുസ്തഹബ്ബുകൾ പ്രവർത്തിക്കുന്നതിലോ ഇസ്തിഖാറ നിർവ്വഹിക്കരുത്. നിഷിദ്ധമായ ഹറാമുകളോ വെറുക്കപ്പെട്ട മക്റൂഹുകളോ ഉപേക്ഷിക്കുന്ന കാര്യത്തിലും ഇസ്തിഖാറ പാടില്ല.
നിസ്കാരത്തിന് ശേഷമാണ് പ്രാർത്ഥന നിർവ്വഹിക്കേണ്ടത്. കാരണം നിസ്കാരം നിർവ്വഹിച്ചതിന് 'ശേഷം' എന്ന് നബി (ﷺ) പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്. എന്നാൽ ഒരാൾ ഇസ്തിഖാറത്തിൻ്റെ നിസ്കാരത്തിൽ, സലാം വീട്ടുന്നതിൻ്റെ മുൻപ് ഈ ദുആ പറഞ്ഞാലും കുഴപ്പമില്ല.
എല്ലാ കാര്യങ്ങളും അല്ലാഹുവിലേക്ക് മടക്കുക എന്നത് ഓരോ മനുഷ്യൻ്റെയും മേൽ നിർബന്ധമാണ്. തൻ്റെ സ്വന്തത്തിന് യാതൊരു ശക്തിയോ ശേഷിയോ ഇല്ലെന്ന് അവൻ ഏറ്റുപറയുകയും ചെയ്യേണ്ടതുണ്ട്. കാരണം അല്ലാഹുവിനെ കൊണ്ടല്ലാതെ, ഒരു സ്ഥിതിയിൽ നിന്ന് മാറാനോ എന്തെങ്കിലുമൊരു കാര്യം പ്രവർത്തിക്കാനോ ഉള്ള ശക്തിയോ ശേഷിയോ ഒരാൾക്കുമില്ല.
التصنيفات
ഇസ്തിഖാറഃ നിസ്കാരം