നിങ്ങളുടെ മുൻപുള്ള ജനങ്ങളിൽ പെട്ട ഒരു മനുഷ്യൻ; അയാൾക്ക് ഒരു മുറിവുണ്ടായിരുന്നു. അങ്ങനെ കടുത്ത നിരാശ ബാധിച്ച ആ…

നിങ്ങളുടെ മുൻപുള്ള ജനങ്ങളിൽ പെട്ട ഒരു മനുഷ്യൻ; അയാൾക്ക് ഒരു മുറിവുണ്ടായിരുന്നു. അങ്ങനെ കടുത്ത നിരാശ ബാധിച്ച ആ മനുഷ്യൻ ഒരു കത്തിയെടുത്ത് തൻ്റെ കൈ മുറിച്ചു കളഞ്ഞു. രക്തം നിലക്കാതെ അയാൾ അവസാനം മരിക്കുകയും ചെയ്തു. (അയാളുടെ ഈ പ്രവർത്തിയെ കുറിച്ച്) അല്ലാഹു പറഞ്ഞു: തൻ്റെ ജീവൻ്റെ കാര്യത്തിൽ എൻ്റെ അടിമ എന്നോട് ധൃതി കാണിച്ചിരിക്കുന്നു. അവന് ഞാൻ സ്വർഗം നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു

ഹസൻ (رحمه الله) പറയുന്നു: ജുൻദുബ് ബ്നു അബ്ദില്ല (رضي الله عنه) നമ്മോട് ഈ മസ്ജിദിൽ വെച്ച് പറയുകയുണ്ടായ ആ കാര്യം; അദ്ദേഹം നമ്മോട് അത് പറഞ്ഞതിന് ശേഷം നാമത് മറന്നിട്ടില്ല. നബി (ﷺ) യുടെ മേൽ ജുൻദുബ് (رضي الله عنه) കളവ് പറയുമെന്ന യാതൊരു ആശങ്കയും നമുക്കില്ല താനും. അദ്ദേഹം പറഞ്ഞു: അല്ലാഹുവിൻ്റെ റസൂൽ (ﷺ) പറഞ്ഞിരിക്കുന്നു: "നിങ്ങളുടെ മുൻപുള്ള ജനങ്ങളിൽ പെട്ട ഒരു മനുഷ്യൻ; അയാൾക്ക് ഒരു മുറിവുണ്ടായിരുന്നു. അങ്ങനെ കടുത്ത നിരാശ ബാധിച്ച ആ മനുഷ്യൻ ഒരു കത്തിയെടുത്ത് തൻ്റെ കൈ മുറിച്ചു കളഞ്ഞു. രക്തം നിലക്കാതെ അയാൾ അവസാനം മരിക്കുകയും ചെയ്തു. (അയാളുടെ ഈ പ്രവർത്തിയെ കുറിച്ച്) അല്ലാഹു പറഞ്ഞു: തൻ്റെ ജീവൻ്റെ കാര്യത്തിൽ എൻ്റെ അടിമ എന്നോട് ധൃതി കാണിച്ചിരിക്കുന്നു. അവന് ഞാൻ സ്വർഗം നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

നമുക്ക് മുൻപുള്ള ജനതയിൽ പെട്ട ഒരു മനുഷ്യൻ്റെ ചരിത്രമാണ് നബി (ﷺ) ഈ ഹദീഥിൽ വിവരിക്കുന്നത്. അയാൾക്ക് ഒരു മുറിവ് ഉണ്ടാവുകയും, അതിൽ അയാൾ വെപ്രാളം കാണിക്കുകയുംചെയ്തു. തൻ്റെ വേദനയിൽ ക്ഷമിക്കാതെ ഒരു കത്തിയെടുത്ത് അയാൾ തൻ്റെ കൈ മുറിച്ചു. അങ്ങനെ രക്തം നിലക്കാതെ ആ മനുഷ്യൻ മരിക്കുകയുണ്ടായി. അല്ലാഹു അയാളെ കുറിച്ച് പറഞ്ഞിരിക്കുന്നു: "എൻ്റെ ദാസൻ തൻ്റെ ജീവൻ്റെ കാര്യത്തിൽ എന്നോട് ധൃതി കാണിച്ചിരിക്കുന്നു. ഞാൻ അവന് മേൽ സ്വർഗം നിഷിദ്ധമാക്കിയിരിക്കുന്നു."

فوائد الحديث

പ്രയാസങ്ങളിലും ദുരിതങ്ങളിലും ക്ഷമിക്കുന്നതിൻ്റെ ശ്രേഷ്ഠതയും, വേദനകൾ സംഭവിക്കുമ്പോൾ അതിനേക്കാൾ വലിയ പാരത്രിക വേദന ഓർത്തു കൊണ്ട്, നിലവിലെ സ്ഥിതിയിൽ അരിശവും അസന്തുഷ്ടിയും കാണിക്കാതിരിക്കണമെന്ന ഓർമ്മപ്പെടുത്തലും.

ഉപകാരപ്രദവും ഗുണപാഠം ഉൾക്കൊള്ളുന്നതുമായ, കഴിഞ്ഞകാല ജനതകളുടെ ചരിത്രങ്ങൾ വിവരിക്കുക എന്നത് നബി (ﷺ) യുടെ രീതിയാണ്.

ഇബ്നു ഹജർ (رحمه الله) പറയുന്നു: "അല്ലാഹുവിൻ്റെ അവകാശങ്ങളും അവന് തൻ്റെ സൃഷ്ടികളോടുള്ള കാരുണ്യവും മനസ്സിലാക്കാൻ സഹായിക്കുന്ന ഹദീഥാണിത്. മനുഷ്യരുടെ ജീവൻ സ്വയം ഹനിക്കുന്നത് അവൻ നിഷിദ്ധമാക്കിയിരിക്കുന്നു. അവരുടെ ജീവൻ അല്ലാഹുവിൻ്റെ ഉടമസ്ഥതയിൽ പെട്ടതാണ്."

സ്വന്തം ജീവൻ നശിപ്പിക്കാൻ കാരണമാകുന്ന പ്രവർത്തികൾ നിഷിദ്ധമാണ്. അക്കാര്യം ശക്തമായി താക്കീത് ചെയ്യപ്പെടുകയും ചെയ്തിരിക്കുന്നു.

ഇബ്നു ഹജർ (رحمه الله) പറയുന്നു: "മരണം ഉദ്ദേശിച്ചു കൊണ്ടാണ് ആ മനുഷ്യൻ തൻ്റെ കൈ മുറിച്ചത്. മിക്കവാറും ഉപകാരം ലഭിക്കുമെന്ന പ്രതീക്ഷയിൽ നിർവ്വഹിക്കുന്ന ചികിത്സയായിരുന്നില്ല അയാളുടെ പ്രവർത്തിക്ക് പിന്നിൽ."

التصنيفات

തിന്മകൾക്കുള്ള ആക്ഷേപം