ജനാസകൾ പിന്തുടരുന്നതിൽ നിന്ന് ഞങ്ങൾ വിലക്കപ്പെട്ടിരിക്കുന്നു. അവിടുന്ന് അക്കാര്യം ഊന്നിപ്പറയുകയുണ്ടായില്ല

ജനാസകൾ പിന്തുടരുന്നതിൽ നിന്ന് ഞങ്ങൾ വിലക്കപ്പെട്ടിരിക്കുന്നു. അവിടുന്ന് അക്കാര്യം ഊന്നിപ്പറയുകയുണ്ടായില്ല

ഉമ്മു അത്വിയ്യഃ -رَضِيَ اللَّهُ عَنْهَا- നിവേദനം: ജനാസകൾ പിന്തുടരുന്നതിൽ നിന്ന് ഞങ്ങൾ വിലക്കപ്പെട്ടിരിക്കുന്നു. അവിടുന്ന് അക്കാര്യം ഊന്നിപ്പറയുകയുണ്ടായില്ല.

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

സ്ത്രീകൾ ജനാസഃയോടൊപ്പം നടക്കുന്നത് നബി -ﷺ- വിലക്കിയിട്ടുണ്ട് എന്ന് അൻസ്വാരീ വനിതയായ ഉമ്മു അത്വിയ്യഃ -رَضِيَ اللَّهُ عَنْهَا- പറയുന്നു. ജനാസകളിൽ സ്ത്രീകൾ പങ്കെടുക്കുന്നത് അവർക്കും മറ്റുള്ളവർക്കും ഫിത്‌നയായേക്കാം (തിന്മകളിലേക്ക് വാതിൽ തുറന്നേക്കാം) എന്നതു കൊണ്ടും, സ്ത്രീകൾ പൊതുവെ ക്ഷമ കുറവുള്ളവരാണ് എന്നത് കൊണ്ടുമാണ് അവിടുന്ന് അത് വിലക്കിയത്. എന്നാൽ മറ്റു നിഷിദ്ധങ്ങൾ വിലക്കുന്നത് പോലെ, നബി -ﷺ- ഇക്കാര്യം ശക്തമായി വിലക്കിയിട്ടില്ല എന്ന് കൂടെ ഉമ്മു അത്വിയ്യഃ കൂട്ടിച്ചേർക്കുന്നു.

فوائد الحديث

ജനാസഃയെ പിന്തുടരുന്നതിൽ നിന്ന് സ്ത്രീകൾ വിലക്കപ്പെട്ടിരിക്കുന്നു. ജനാസഃ ഒരുക്കുന്ന സ്ഥലത്തേക്കും നിസ്കരിക്കുന്ന സ്ഥലത്തേക്കും മറവ് ചെയ്യുന്ന മഖ്ബറയിലേക്കുമെല്ലാം ഈ വിലക്ക് ബാധകമാണ്.

ജനാസഃയുമായി ബന്ധപ്പെട്ട ദുഃഖകരമായ കാഴ്ചകളും പ്രയാസകരമായ അവസ്ഥകളും താങ്ങാൻ സ്ത്രീകൾക്ക് സാധിക്കില്ല എന്നതാണ് അവരെ ഇപ്രകാരം വിലക്കാനുള്ള കാരണം. നിർബന്ധമായും ക്ഷമ കൈക്കൊള്ളേണ്ട ഈ സാഹചര്യത്തിൽ അതിന് വിരുദ്ധമാകുന്ന വിലാപവും ദുഃഖപ്രകടനവും അവരിൽ നിന്ന് സംഭവിക്കാൻ സാധ്യതയുണ്ട്.

നബി -ﷺ- ഒരു കാര്യം വിലക്കിയാൽ ആ വിലക്കപ്പെട്ട കാര്യം ഹറാമാണ് എന്നതാണ് പൊതു തത്വം. എന്നാൽ നബി -ﷺ- ജനാസകളെ പിന്തുടരുന്നത് വിലക്കിയത് ഈ അർത്ഥത്തിലല്ല എന്ന് ഉമ്മു അത്വിയ്യഃ -رَضِيَ اللَّهُ عَنْهَا- സാഹചര്യങ്ങളിൽ നിന്ന് മനസ്സിലാക്കുകയാണ് ചെയ്തത്. പക്ഷേ, ഈ ഹദീഥിൽ വന്നതിനേക്കാൾ ശക്തമായി, സ്ത്രീകൾ ജനാസഃയെ പിന്തുടരുന്നത് വിലക്കുന്ന മറ്റു ഹദീഥുകൾ വേറെയും വന്നിട്ടുണ്ട്.

التصنيفات

പദസൂചനകളും, അവയിൽ നിന്ന് വിധികൾ ഗ്രഹിച്ചെടുക്കേണ്ടതിൻ്റെ രൂപവും, ഖബറുകൾ സന്ദർശിക്കൽ